Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chavara Kuriakose Eliyasachan

വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ കേരള നവോത്ഥാന നായകരിൽ അഗ്രഗണ്യനായ പുണ്യാത്മാവ്

താ​പ​സ​നും ക​ർ​മ​യോ​ഗി​യു​മാ​യി ഒ​രേ​സ​മ​യം പ്ര​ശോ​ഭി​ച്ച വി​ശു​ദ്ധ ചാ​വ​റ പി​താ​വി​ന്‍റെ (1805-1871) ച​ര​മ​വാ​ർ​ഷി​ക​ത്തി​ൽ കേ​ര​ള​ജ​ന​ത ഏ​റ്റ​വും ന​ന്ദി​യോ​ടെ ഓ​ർ​ക്കു​ന്ന​തും ഓ​ർ​ക്കേ​ണ്ട​തും അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ, മു​ദ്രാ​ല​യ​രം​ഗ​ത്തെ സം​ഭാ​വ​ന​ക​ളു​ൾ​പ്പെ​ടെ മ​ല​യാ​ള​ക്ക​ര​യി​ൽ അ​ദ്ദേ​ഹം ആ​രം​ഭി​ച്ച നൂ​ത​ന സം​രം​ഭ​ങ്ങ​ളാ​ണ്. ‘കാ​ല​ത്തി​നു മു​ന്പേ ന​ട​ന്ന ന​വോ​ത്ഥാ​ന നാ​യ​ക​ൻ’ എ​ന്ന് പ്ര​ഫ. എ. ​ശ്രീ​ധ​ര​മേ​നോ​നും ‘കേ​ര​ള ന​വോ​ത്ഥാ​ന​ത്തി​ന്‍റെ ശു​ക്ര​ന​ക്ഷ​ത്രം’ എ​ന്ന് പ്ര​ഫ. എം.​കെ. സാ​നു​വും ‘സു​റി​യാ​നി സ​ഭ​യി​ൽ​നി​ന്നൊ​രു ന​വോ​ത്ഥാ​ന നാ​യ​ക​ൻ’ എ​ന്ന് പി. ​ഗോ​വി​ന്ദ​പ്പി​ള്ള​യും അ​ദ്ദേ​ഹ​ത്തെ വി​ശേ​ഷി​പ്പി​ക്കു​ന്നു.

സു​കു​മാ​ർ അ​ഴീ​ക്കോ​ട് ചാ​വ​റ​യ​ച്ച​നെ​പ്പ​റ്റി ഇ​പ്ര​കാ​രം എ​ഴു​തി​യി​രി​ക്കു​ന്നു: “പ​ത്തൊ​ൻ​പ​താം നൂ​റ്റാ​ണ്ടി​ൽ ജീ​വി​ച്ചി​രു​ന്നു​കൊ​ണ്ടു​ത​ന്നെ ഇ​രു​പ​താം നൂ​റ്റാ​ണ്ടും ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ടും സൃ​ഷ്ടി​ച്ച ആ​ളാ​യി​രി​ക്കും. ഇ​ങ്ങ​നെ​യു​ള്ള​വ​രെ​യാ​ണ് യു​ഗ​സ്ര​ഷ്ടാ​ക്ക​ൾ എ​ന്നു വി​ളി​ക്കു​ന്ന​ത്. ചാ​വ​റ​യ​ച്ച​ൻ അ​ത്ത​ര​ത്തി​ൽ ഒ​രു യു​ഗ​സ്ര​ഷ്ടാ​വാ​യി​രു​ന്നു. പ​ത്തൊ​ൻ​പ​താം നൂ​റ്റാ​ണ്ടി​ൽ ജീ​വി​ച്ച് കേ​ര​ള​സ​മൂ​ഹ​ത്തി​ന് ശ​ക്തി​യും വെ​ളി​ച്ച​വും പ​ക​ർ​ന്ന ചാ​വ​റ​യ​ച്ച​ൻ ഇ​രു​പ​ത്തൊ​ന്നാം നൂ​റ്റാ​ണ്ടി​ൽ ജീ​വി​ക്കു​ന്ന ന​മു​ക്ക് സൂ​ര്യ​തേ​ജ​സാ​യി ചൂ​ടും വെ​ളി​ച്ച​വും പ​ക​രു​ന്നു. ഇ​ത് തു​ട​ർ​ന്നു​കൊ​ണ്ടേ​യി​രി​ക്കും.” അ​തു​പോ​ലെ പ്ര​ഫ. എം. ​ലീ​ലാ​വ​തി ചാ​വ​റ​യ​ച്ച​നെ ഇ​പ്ര​കാ​രം അ​നു​സ്മ​രി​ക്കു​ന്നു: “ചാ​വ​റ കു​ര്യാ​ക്കോ​സ​ച്ച​ൻ സേ​വ​ന​ത്തി​നാ​യി സ്വ​യം ഉ​ഴി​ഞ്ഞു​വ​ച്ച് അ​നു​ഗൃ​ഹീ​താ​ത്മാ​വാ​യി. വാ​സ്ത​വ​ത്തി​ൽ, എ​ല്ലാ ത​ണ​ൽ​മ​ര​ങ്ങ​ളും അ​നു​ഷ്ഠി​ക്കു​ന്ന​ത് നി​സ്വാ​ർ​ഥ​മാ​യ സേ​വ​ന​ക​ർ​മ​മാ​ണ്. എ​ല്ലാ മ​നു​ഷ്യ​രും ത​ണ​ൽ​മ​ര​ങ്ങ​ളു​ടെ ക​ർ​മ​മേ​റ്റെ​ടു​ക്കാ​ൻ ശ​ക്ത​രാ​കു​ന്നി​ല്ല. അ​തി​നു ശ​ക്ത​രാ​കു​ന്ന​വ​ർ നൂ​റ്റാ​ണ്ടു​ക​ൾ​ക്കി​ട​യ്ക്ക് വ​ല്ല​പ്പോ​ഴു​മേ പ്ര​ത്യ​ക്ഷ​രാ​കു​ന്നു​ള്ളൂ. അ​ത്ത​ര​ത്തി​ൽ​പ്പെ​ട്ട ഉ​റ്റ​വ​നാ​യ മ​ഹാ​മ​നു​ഷ്യ​ചൈ​ത​ന്യ​മാ​കു​ന്നു ചാ​വ​റ.”

ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ (1856-1928) പ്ര​ശ​സ്ത​മാ​യ അ​രു​വി​പ്പു​റം പ്ര​തി​ഷ്ഠ ന​ട​ക്കു​ന്ന​ത് 1888ലാ​ണ്. അ​തു​പോ​ലെ ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെയും ഡോ. ​പ​ത്മ​നാ​ഭ​ൻ പ​ൽ​പ്പു​വി​ന്‍റെയും നേ​തൃ​ത്വ​ത്തി​ൽ എ​സ്എ​ൻ​ഡി​പി​യു​ടെ സ്ഥാ​പ​നം 1902ലും. 1907​ൽ ‘സാ​ധു​ജ​ന പ​രി​പാ​ല​ന​യോ​ഗം’ ആ​രം​ഭി​ച്ച ശ്രീ അ​യ്യ​ങ്കാ​ളി​യു​ടെ ജീ​വി​ത​കാ​ലം 1863 മു​ത​ൽ 1941 വ​രെ​യാ​ണ്. ച​ട്ട​ന്പി​സ്വാ​മി​ക​ൾ (1853-1924), ‘യോ​ഗ​ക്ഷേ​മ​സ​ഭ’ 1908ൽ ​സ്ഥാ​പി​ച്ച വി.​ടി. ഭ​ട്ട​തി​രി​പ്പാ​ട് (1896-1982), പൊ​യ്ക​യി​ൽ ശ്രീ​കു​മാ​ര​ഗു​രു​ദേ​വ​ൻ എ​ന്ന് ഏ​ഴാം ക്ലാ​സ് പാ​ഠ​പു​സ്ത​കം വി​ശേ​ഷി​പ്പി​ക്കു​ന്ന പൊ​യ്ക​യി​ൽ യോ​ഹ​ന്നാ​ൻ (1879-1939), വ​ക്കം അ​ബ്‌​ദു​ൾ ഖാ​ദ​ർ മൗ​ല​വി (1873-1932), ആ​ത്മ​വി​ദ്യാ​സം​ഘ​ത്തി​ന്‍റെ സ്ഥാ​പ​ക​ൻ വാ​ഗ്ഭ​ടാ​ന​ന്ദ​ൻ (1885-1939) എ​ന്നീ കേ​ര​ള ന​വോ​ത്ഥാ​ന നാ​യ​ക​രെ​ല്ലാ​വ​രും ചാ​വ​റ​യ​ച്ച​ന്‍റെ കാ​ല​ശേ​ഷം കേ​ര​ള ന​വോ​ത്ഥാ​ന​രം​ഗ​ത്തു പ്ര​ശോ​ഭി​ച്ച​വ​രാ​ണ്. എ​ന്നാ​ൽ, ചാ​വ​റ​യ​ച്ച​നൊ​ഴി​കെ​യു​ള്ള മു​ക​ളി​ൽ പ​രാ​മ​ർ​ശി​ച്ചി​ട്ടു​ള്ള ന​വോ​ത്ഥാ​ന നാ​യ​ക​രെ​ല്ലാ​വ​രും​ത​ന്നെ സ്വ​സ​മു​ദാ​യ​ത്തി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നും പ​രി​ഷ്ക​ര​ണ​ത്തി​നും വ​ള​ർ​ച്ച​യ്ക്കു​മാ​യി അ​ധ്വാ​നി​ച്ച​പ്പോ​ൾ ചാ​വ​റ​യ​ച്ച​ൻ സ്വ​സ​മു​ദാ​യ​ത്തി​ൽ തു​ട​ങ്ങി​യ​ശേ​ഷം കേ​ര​ള സ​മൂ​ഹ​ത്തി​ന്‍റെ എ​ല്ലാ തു​റ​ക​ളി​ലും ​പെ​ട്ട​വ​രു​ടെ സ​ർ​വ​തോ​മു​ഖ​മാ​യ ഉ​ന്ന​മ​ന​ത്തി​നാ​യി നാ​നാ​ജാ​തി മ​ത​സ്ഥ​ർ​ക്കു​മാ​യി സം​സ്കൃ​ത സ്കൂ​ൾ സ്ഥാ​പ​ന​ത്തി​ലൂ​ടെ​യും; ‘പ​ള്ളി​ക്കൊ​രു പ​ള്ളി​ക്കൂടം’ എ​ന്ന ഉ​ത്ത​ര​വി​ലൂ​ടെ​യും ചാ​വ​രു​ളി​ലൂ​ടെ ന​ൽ​കി​യ സാ​മൂ​ഹി​ക പ​രി​ഷ്ക​ര​ണ നി​ർ​ദേ​ശ​ങ്ങ​ളി​ലൂ​ടെ​യും അ​നാ​ഥാ​ല​യ സ്ഥാ​പ​ന​ത്തി​ലൂ​ടെ​യും, കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ സ​ന്യാ​സി​നീ സ​ഭ​യു​ടെ സ്ഥാ​പ​ന​ത്തി​ലൂ​ടെ നേ​ടി​യെ​ടു​ത്ത വ​നി​താ ശ​ക്തീ​ക​ര​ണ​ത്തി​ലൂ​ടെ​യും നാ​ളാ​ഗ​മ ര​ച​ന​യി​ലൂ​ടെ കേ​ര​ള ച​രി​ത്ര​ത്തി​നു ന​ൽ​കി​യ അ​തു​ല്യ സം​ഭാ​വ​ന​ക​ളി​ലൂ​ടെ​യും ആ​ദ്ധ്യാ​ത്മി​ക സാ​ഹി​ത്യ​കൃ​തി​ക​ളി​ലൂ​ടെ ആ​ധ്യാ​ത്മി​ക സാ​ഹി​ത്യ മ​ണ്ഡ​ല​ങ്ങ​ളി​ൽ ന​ൽ​കി​യ ഉ​ത്തേ​ജ​ന​ത്തി​ലൂ​ടെ​യും ന​വോ​ത്ഥാ​ന നാ​യ​ക​രി​ൽ അ​ഗ്ര​ഗ​ണ്യ​നാ​യി മാ​റി എ​ന്നു​ള്ള​താ​ണ് വ​സ്തു​ത.

1846ൽ ​മാ​ന്നാ​ന​ത്ത് ചാ​വ​റ​യ​ച്ച​ൻ ആ​രം​ഭി​ച്ച സം​സ്കൃ​ത സ്കൂ​ളി​നെ​പ്പ​റ്റി അ​ദ്ദേ​ഹ​ത്തി​ന്‍റെ നാ​ളാ​ഗ​മ​ത്തി​ൽ പ​രാ​മ​ർ​ശ​മി​ല്ലെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മ​കാ​ലീ​ന​നാ​യ പാ​റ​പ്പു​റ​ത്ത് വ​ർ​ക്കി​യ​ച്ച​ൻ ത​ന്‍റെ നാ​ളാ​ഗ​മ​ത്തി​ൽ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് ചാ​വ​റ​യ​ച്ച​ന്‍റെ ജീ​വ​ച​രി​ത്ര​കാ​ര​നാ​യ വ​ലേ​രി​യ​ന​ച്ച​ൻ ഉ​ദ്ധ​രി​ക്കു​ന്നു​ണ്ട്. ഈ ​സ്കൂ​ളി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് ചാ​വ​റ​യ​ച്ച​ൻ എ​ഴു​തി​യു​ണ്ടാ​ക്കു​ക​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ഗ്ര​ഹാ​നു​സ​ര​ണം അ​ന്ന​ത്തെ വ​രാ​പ്പു​ഴ മെ​ത്രാ​നാ​യി​രു​ന്ന ബെ​ർ​ണ​ഡി​ൻ ബാ​ച്ചി​നെ​ല്ലി ഒ​പ്പി​ട്ട് പു​റ​ത്തി​റ​ക്കു​ക​യും, തു​ട​ർ​ന്ന് കേ​ര​ള സു​റി​യാ​നി ക​ത്തോ​ലി​ക്ക​രു​ടെ​യെ​ല്ലാം വി​കാ​രി ജ​ന​റാ​ളാ​യി​രു​ന്ന ചാ​വ​റ​യ​ച്ച​ൻ ത​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള പ​ള്ളി​ക​ളി​ലെ​ല്ലാം ന​ട​പ്പി​ലാ​ക്കു​ക​യും ചെ​യ്ത ‘പ​ള്ളി​ക്കൊ​രു പ​ള്ളി​ക്കൂ​ടം’ എ​ന്ന ക​ല്പ​ന. ഈ ​ക​ല്പ​ന​യു​ടെ ഉ​പ​ജ്ഞാ​താ​വ് ചാ​വ​റ​യ​ച്ച​ൻ​ത​ന്നെ​യാ​യി​രു​ന്നു​വെ​ന്ന് ച​രി​ത്ര​കാ​ര​ന്മാ​രാ​യ വ​ലേ​രി​യ​ന​ച്ച​ൻ (1936), ഷെ​വ. കെ.​സി. ചാ​ക്കോ (1959), പി.​ടി. തോ​മ​സ് (1956), പി.​ജെ. തോ​മ​സ് (1961), ഫാ. ​മ​ത്തി​യാ​സ് മു​ണ്ടാ​ട​ൻ (2008) എ​ന്നി​വ​ർ ച​രി​ത്ര​രേ​ഖ​ക​ൾ ഉ​ദ്ധ​രി​ച്ചു​കൊ​ണ്ട് സ​മ​ർ​ഥി​ച്ചി​ട്ടു​ള്ള​തും ചാ​വ​റ​യ​ച്ച​ന്‍റെ സ്വ​ന്തം കൈ​പ്പ​ട​യി​ലു​ള്ള പ്ര​സ്തു​ത ക​ല്പ​ന മാ​ന്നാ​നം ആ​ശ്ര​മ​ത്തി​ന്‍റെ ആ​ർ​ക്കൈ​വ്‌​സി​ൽ ക​ണ്ട​താ​യി മ​ത്തി​യാ​സ് മു​ണ്ടാ​ട​ന​ച്ച​ൻ​ത​ന്നെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തു​മാ​ണ്. 1864ൽ ​ഇ​റ​ങ്ങി​യ പ്ര​സ്തു​ത ക​ല്പ​ന അ​തി​നും വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പേ ഇ​റ​ങ്ങി​യ ബ​ർ​ണ​ഡി​ൻ ബാ​ച്ചി​നെ​ല്ലി​യു​ടെ വേ​ദ​പാ​ഠ പ​ഠ​ന​ത്തി​നാ​യി ഞാ​യ​റാ​ഴ്ച മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നു​ള്ള ക​ല്പ​ന​യു​മാ​യി തെ​റ്റി​ദ്ധ​രി​ച്ച് ‘പ​ള്ളി​ക്കൊ​രു പ​ള്ളി​ക്കൂ​ടം’ ക​ല്പ​ന, പ്ര​സ്തു​ത മെ​ത്രാ​ന്‍റേ​താ​യി അ​വ​ത​രി​പ്പി​ക്കു​ന്നു​മു​ണ്ട്.

ചാ​വ​റ​യ​ച്ച​ൻ ത​ന്‍റെ ചാ​വ​രു​ളി​ൽ ഇ​ങ്ങ​നെ എ​ഴു​തി​യി​രി​ക്കു​ന്നു: ഭ​ക്തി​യെ വ​ർ​ധി​പ്പി​ക്കു​ന്ന ജ്ഞാ​ന​പു​സ്ത​ക​ങ്ങ​ളും ത​ത്വ​ശാ​സ്ത്ര പു​സ്ത​ക​ങ്ങ​ളും മ​ക്ക​ൾ​ക്ക് സ​ന്പാ​ദി​ച്ചു​വ​യ്ക്കേ​ണ്ട നി​ക്ഷേ​പ​ങ്ങ​ളാ​കു​ന്നു. ഇ​പ്ര​കാ​ര​മു​ള്ള പു​സ്ത​ക​ങ്ങ​ളെ ശ​ക്തി​പോ​ലെ വാ​ങ്ങി ശേ​ഖ​രി​ക്കു​ക. അ​തു​പോ​ലെ ചാ​വ​റ​യ​ച്ച​ൻ 1850ൽ ​വൈ​ദി​ക​ർ​ക്കെ​ഴു​തി​യ സ​ർ​ക്കു​ല​റി​ലും ജ്ഞാ​ന​സ​ന്പാ​ദ​ന​ത്തി​നാ​യി പു​സ്ത​ക​പാ​രാ​യ​ണം വേ​ണ​മെ​ന്നു നി​ഷ്ക​ർ​ഷി​ക്കു​ന്നു​ണ്ട്. ഇ​ത് ചാ​വ​റ​യ​ച്ച​ന്‍റെ അ​ടി​യു​റ​ച്ച ഒ​രു ബോ​ധ്യ​മാ​യി​രു​ന്നു. അ​തി​നാ​ലാ​ണ് അ​ദ്ദേ​ഹം സം​സ്കൃ​ത സ്കൂ​ളും പ്ര​സും മാ​ന്നാ​ന​ത്ത് സ്ഥാ​പി​ക്കു​ക​യും സെ​മി​നാ​രി മ​ൽ​പ്പാ​നാ​യി ജോ​ലി​ചെ​യ്തി​രു​ന്ന​പ്പോ​ൾ​ത്ത​ന്നെ ധാ​രാ​ളം ഗ്ര​ന്ഥ​ങ്ങ​ൾ സ്വ​യ​മാ​യി എ​ഴു​തി പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും അ​തോ​ടൊ​പ്പം ത​മി​ഴ്, ല​ത്തീ​ൻ, സു​റി​യാ​നി ഭാ​ഷ​ക​ളി​ൽ​നി​ന്നു ധാ​രാ​ളം ഗ്ര​ന്ഥ​ങ്ങ​ൾ മ​ല​യാ​ള​ത്തി​ലേ​ക്കു ത​ർ​ജ​മ​ചെ​യ്ത് പ്ര​സി​ദ്ധീ​ക​രി​ച്ച​തും.

“അ​ന​സ്താ​സി​യാ​യു​ടെ ര​ക്ത​സാ​ക്ഷി​ത്വം” എ​ന്ന മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​ഖ​ണ്ഡ​കാ​വ്യ​ത്തി​ന്‍റെ ര​ച​യി​താ​വാ​യ ചാ​വ​റ​യ​ച്ച​ന്‍റെ ആ​ത്മാ​നു​താ​പം എ​ന്ന കാ​വ്യ​വും മ​ര​ണ​വീ​ട്ടി​ൽ പാ​ടു​ന്ന​തി​നു​ള്ള പാ​ന, ധ്യാ​ന സ​ല്ലാ​പ​ങ്ങ​ൾ, ഇ​ട​യ​നാ​ട​ക​ങ്ങ​ൾ തു​ട​ങ്ങി അ​ദ്ദേ​ഹ​ത്തി​ന്‍റെ തൂ​ലി​ക​യി​ൽ​നി​ന്ന് വി​രി​ഞ്ഞ സാ​ഹി​ത്യ​സം​രം​ഭ​ങ്ങ​ൾ ചാ​വ​റ​യ​ച്ച​നെ അ​ന​ശ്വ​ര​നാ​ക്കു​ന്ന​വ​യാ​ണ്. 1855ൽ ​ഇ​ന്ന​ത്തെ സി​എം​ഐ സ​ഭ​യ്ക്ക് കാ​നോ​നി​ക​മാ​യി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ച വേ​ള​യി​ൽ ആ ​സ​ഭ​യി​ലെ ആ​ദ്യ അം​ഗ​മാ​യി വ്ര​ത​വാ​ഗ്ദാ​നം ന​ട​ത്തു​ക​യും സ​ഹ​സ​ന്യാ​സി​ക​ളു​ടെ സ​ന്യാ​സ വ്ര​ത​വാ​ഗ്ദാ​ന​ങ്ങ​ൾ സ​ഭ​യു​ടെ നാ​മ​ത്തി​ൽ സ്വീ​ക​രി​ക്കു​ക​യും ചെ​യ്ത​തു​വ​ഴി സി​എം​ഐ സ​മൂ​ഹ​ത്തി​ന്‍റെ സ്ഥാ​പ​ക​നാ​യി ഉ​യ​ർ​ന്ന ചാ​വ​റ​യ​ച്ച​ൻ, ത​ന്‍റെ ചി​ര​കാ​ല സ്വ​പ്ന​മാ​യ സ്ത്രീ​ശ​ക്തീ​ക​ര​ണ സം​രം​ഭ​ങ്ങ​ളി​ലേ​ക്കു ക​ട​ന്ന​ത് 1866ൽ ​മാ​ത്ര​മാ​ണ്. 1829ൽ ​അ​ർ​ത്തു​ങ്ക​ൽ പ​ള്ളി​യി​ൽ​വ​ച്ച് പു​ത്ത​ൻ കു​ർ​ബാ​ന ചൊ​ല്ലു​ന്ന സ​മ​യ​ത്ത് ചാ​വ​റ​യ​ച്ച​ൻ ത​ന്‍റെ നി​യോ​ഗ​മാ​യി വ​ച്ച് പ്രാ​ർ​ഥി​ച്ച കാ​ര്യ​ങ്ങ​ൾ കേ​ര​ള​ക്ക​ര​യി​ൽ പു​രു​ഷ​ന്മാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കു​മാ​യി സ​ന്യാ​സ​ഭ​വ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​ക്കാ​ണ​ണ​മെ​ന്ന​താ​യി​രു​ന്നു. 1831ൽ ​സി​എം​ഐ സ​ഭ​യു​ടെ സ്ഥാ​പ​ന​ത്തോ​ടു​കൂ​ടി, അ​തി​ലെ ആ​ദ്യ​ഭാ​ഗം സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ട്ടെ​ങ്കി​ൽ, സ്ത്രീ​ക​ൾ​ക്കാ​യി ഒ​രു സ​ന്യാ​സ​സ​ഭ​യു​ടെ സ്ഥാ​പ​ന​മെ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ട്ട​ത് 1866 ഫെ​ബ്രു​വ​രി 17ന് ​കൂ​ന​മ്മാ​വി​ൽ ഒ​രു പ​ന​ന്പു​മ​ഠ​ത്തി​ൽ ചാ​വ​റ​യ​ച്ച​ൻ സ്ത്രീ​ക​ർ​ക്കാ​യു​ള്ള ക​ർ​മ​ലീ​ത്ത നി​ഷ്പാ​ദു​ക മൂ​ന്നാം സ​ഭ സ്ഥാ​പി​ച്ച​പ്പോ​ഴാ​ണ്.

ഈ ​സ​ന്യാ​സി​നീ സ​ഭ​യു​ടെ സ്ഥാ​പ​ക​ൻ വി​ശു​ദ്ധ ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ​ച്ച​ൻ​ത​ന്നെ​യാ​ണ് എ​ന്ന​ത് ആ​നു​കാ​ലി​ക ച​രി​ത്ര​രേ​ഖ​ക​ൾ നി​സം​ശ​യം വെ​ളി​വാ​ക്കു​ന്നു​ണ്ട്. 1866 മു​ത​ൽ 1890 വ​രെ​യു​ള്ള കൂ​ന​മ്മാ​വ് മ​ഠ​ത്തി​ന്‍റെ നാ​ളാ​ഗ​മ​ങ്ങ​ൾ, ചാ​വ​റ​യ​ച്ച​ന്‍റെ​ത​ന്നെ നാ​ളാ​ഗ​മം, മ​ഠ​സ്ഥാ​പ​ന​ത്തി​ൽ ചാ​വ​റ​യ​ച്ച​നെ ഏ​റ്റ​വു​മ​ധി​കം സ​ഹാ​യി​ച്ച ലെ​യോ​പോ​ൾ​ദ് ബെ​ക്കാ​റോ എ​ന്ന ഇ​റ്റാ​ലി​യ​ൻ ക​ർ​മ​ലീ​ത്താ വൈ​ദി​ക​ന്‍റെ സാ​ക്ഷ്യം, ചാ​വ​റ​യ​ച്ച​ന്‍റെ മ​ര​ണ​സ​മ​യ​ത്ത്, അ​താ​യ​ത് 1871 ജ​നു​വ​രി മൂ​ന്നി​ന് ചാ​വ​റ​യ​ച്ച​നെ​പ്പ​റ്റി വി​വി​ധ ആ​ശ്ര​മ​ങ്ങ​ളി​ലെ നാ​ളാ​ഗ​മ​ങ്ങ​ളി​ലെ വി​വ​ര​ണം എ​ന്നി​വ​യെ​ല്ലാം ചാ​വ​റ​യ​ച്ച​നാ​ൽ സ്ഥാ​പി​ക്ക​പ്പെ​ട്ട​താ​ണ് ക​ർ​മ​ലീ​ത്ത നി​ഷ്പാ​ദു​ക മൂ​ന്നാം​സ​ഭ എ​ന്ന ച​രി​ത്ര​വ​സ്തു​ത അ​ർ​ഥ​ശ​ങ്ക​യ്ക്കി​ടം ന​ൽ​കാ​ത്ത​വി​ധം വ്യ​ക്ത​മാ​ക്കു​ന്നു. ഇ​തേ വ​സ്തു​ത വ​ത്തി​ക്കാ​ൻ രേ​ഖ​ക​ളി​ലും നാം ​ആ​വ​ർ​ത്തി​ച്ച് കാ​ണു​ന്നു. 1984 ഏ​പ്രി​ൽ ഏ​ഴി​ന് വ​ത്തി​ക്കാ​നി​ൽ​നി​ന്നു ചാ​വ​റ​യ​ച്ച​ന്‍റെ ധീ​രോ​ചി​ത പു​ണ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള ഡി​ക്രി​യി​ൽ വ​ത്തി​ക്കാ​ൻ ഇ​ങ്ങ​നെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു: “കൂ​ടാ​തെ, അ​താ​യ​ത്, 1866ൽ ​ലെ​യോ​പ്പോ​ൾ​ദ് ബെ​ക്കാ​റോ ഒ​സി​ഡി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ദ്ദേ​ഹം സ്ത്രീ​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള സ​ന്യാ​സ​സ​ഭ സ്ഥാ​പി​ച്ചു.” 1986ൽ ​ചാ​വ​റ​യ​ച്ച​നെ​യും അ​ൽ​ഫോ​ൻ​സാ​മ്മ​യെ​യും വാ​ഴ്ത്ത​പ്പെ​ട്ട​വ​രാ​യി പ്ര​ഖ്യാ​പി​ച്ച വി​ശു​ദ്ധ ജോ​ൺ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ ത​ന്‍റെ അ​പ്പ​സ്തോ​ലി​ക തി​രു​വെ​ഴു​ത്തി​ൽ ചാ​വ​റ​യ​ച്ച​ന്‍റെ മ​ഠം സ്ഥാ​പ​ന​ത്തെ​പ്പ​റ്റി എ​ഴു​തി​യി​രു​ന്ന​ത് ഇ​പ്ര​കാ​ര​മാ​ണ്. “അ​തി​നു​ശേ​ഷം ക​ർ​മ​ലീ​ത്താ മി​ഷ​ന​റി​യാ​യ ലെ​യോ​പ്പോ​ൾ​ദ് ബെ​ക്കാ​റോ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി സ്ത്രീ​ക​ൾ​ക്കാ​യു​ള്ള ഒ​രു സ​ന്യാ​സ​സ​ഭ 1866ൽ ​അ​ദ്ദേ​ഹം സ്ഥാ​പി​ച്ചു.”

1986 ഫെ​ബ്രു​വ​രി എ​ട്ടി​ന് കോ​ട്ട​യ​ത്തു​വ​ച്ച് ചാ​വ​റ​യ​ച്ച​നെ​യും അ​ൽ​ഫോ​ൻ​സാ​മ്മ​യെ​യും വാ​ഴ്ത്ത​പ്പെ​ട്ട​വ​രാ​യി പ്ര​ഖ്യാ​പി​ച്ച വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ മ​ധ്യേ​യു​ള്ള ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ വി​ശു​ദ്ധ ജോ​ൺ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ ചാ​വ​റ​യ​ച്ച​ന്‍റെ മ​ഠം സ്ഥാ​പ​ന​ത്തെ​പ്പ​റ്റി പ​റ​ഞ്ഞ​ത് ഇ​ങ്ങ​നെ​യാ​ണ്: “അ​തി​നു​ശേ​ഷം ഇ​റ്റാ​ലി​യ​ൻ മി​ഷ​ന​റി ലെ​യോ​പ്പോ​ൾ​ദ് ബെ​ക്കാ​റോ​യു​ടെ സ​ഹാ​യ​ത്തോ​ടു​കൂ​ടി അ​ദ്ദേ​ഹം സ്ത്രീ​ക​ൾ​ക്കാ​യു​ള്ള ഒ​രു ഇ​ന്ത്യ​ൻ സ​ന്യാ​സി​നീ സമൂഹം ക​ർ​മ​ല​യി​ലെ മാ​താ​വി​ന്‍റെ കോ​ൺ​ഗ്രി​ഗേ​ഷ​ൻ എ​ന്ന പേ​രി​ൽ സ്ഥാ​പി​ച്ചു.” 2014 ന​വം​ബ​ർ 23ന് ​ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ചാ​വ​റ​യ​ച്ച​നെ വി​ശു​ദ്ധ​നാ​യി പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടു പു​റ​പ്പെ​ടു​വി​ച്ച പ്ര​മാ​ണരേ​ഖ​യി​ലും ചാ​വ​റ​യ​ച്ച​ൻ 1866ൽ ​കൂ​ന​മ്മാ​വി​ൽ സ​ന്യാ​സി​നീ സ​ഭ സ്ഥാ​പി​ച്ച​താ​യി വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. “In February 1866 along with others he founded the third order of the Discalced Carmelites at Koonammavu thus providing an opportunity for Indian women to have access to consecrated life.”

അ​ങ്ങ​നെ കേ​ര​ള ക​ത്തോ​ലി​ക്കാ സ​ഭ​യി​ലെ സ​ന്യാ​സ​ത്തി​ന്‍റെ പി​താ​വാ​യ ചാ​വ​റ​യ​ച്ച​ന്‍റെ ആ​ദ്ധ്യാ​ത്മി​ക പൈ​തൃ​കം പേ​റു​ന്ന സി​എം​ഐ, സി​എം​സി സ​ന‍്യാ​സ​സ​മൂ​ഹ​ങ്ങ​ളും ചാ​വ​റ​യ​ച്ച​ൻ സ്ഥാ​പി​ച്ച മാ​ന്നാ​നം പ്ര​സി​ൽ മു​ദ്ര​ണം ആ​രം​ഭി​ച്ച അ​ക്ഷ​രമു​ത്ത​ശി​യാ​യ ദീ​പി​ക​യും, ചാ​വ​റ​യ​ച്ച​ന്‍റെ പ​ള്ളി​ക്കൊ​രു പ​ള്ളി​ക്കൂ​ടം ക​ല്പ​ന വ​ഴി കേ​ര​ള​ക്ക​ര​യി​ലാ​രം​ഭി​ച്ച വി​ദ്യാ​ഭ്യാ​സ വി​പ്ല​വ​വും 1843ൽ ​ചാ​വ​റ​യ​ച്ച​ൻ കൈ​ന​ക​രി​യി​ൽ ആ​രം​ഭി​ച്ച ന​ല്മ​ര​ണ​സ​ഭ എ​ന്ന പേ​രി​ലു​ള്ള വൃ​ദ്ധ​ർ​ക്കാ​യു​ള്ള അ​നാ​ഥമ​ന്ദി​ര​ത്തി​ലൂ​ടെ ഉദ്ഘാടിത മായ രോ​ഗി​ക​ൾ​ക്കും അ​നാ​ഥ​ർ​ക്കു​മാ​യു​ള്ള സാ​മൂ​ഹി​ക ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും 1861ൽ ​ചാ​വ​റ​യ​ച്ച​ൻ ന​ട​ത്തി​യ റോ​ക്കോ​സ് ശീ​ശ്മ​യ്ക്കെ​തി​രേ​യു​ള്ള ഐ​തി​ഹാ​സി​ക​മാ​യ സ​മ​ര​വു​മെ​ല്ലാം ഇ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ർ​മ​ക​ളെ അ​ന​ശ്വ​ര​മാ​യി നി​ല​നി​ർ​ത്തു​ന്നു.

കേ​ര​ള​ത്തി​ലെ ആ​ദ്യ പ്ര​സി​ന്‍റെ സ്ഥാ​പ​നം

 ചാ​വ​റ​യ​ച്ച​ൻ​ത​ന്നെ ത​ന്‍റെ നാ​ളാ​ഗ​മ​ത്തി​ൽ വി​ശ​ദ​മാ​യി പ്ര​തി​പാ​ദി​ക്കു​ന്ന ഒ​ന്നാ​ണ് വ​ള​രെ​ക്കാ​ല​ത്തെ ത​ന്‍റെ ശ്ര​മ​ക​ര​മാ​യ പ​രി​ശ്ര​മ​ങ്ങ​ളു​ടെ പ​രി​സ​മാ​പ്തി​യാ​യി 1846ൽ ​മാ​ന്നാ​ന​ത്ത് മ​രം​കൊ​ണ്ടു​ള്ള അ​ച്ചു​കൂ​ട​ത്തി​ന്‍റെ സ്ഥാ​പ​നം. 1846ൽ ​തി​രു​വ​ന​ന്ത​പു​ര​ത്തു ചെ​ന്ന് അ​വി​ട​ത്തെ ഗ​വ​ൺ​മെ​ന്‍റ് പ്ര​സ് ക​ണ്ട് അ​തി​ന്‍റെ മാ​തൃ​ക‍​യി​ൽ മാ​ന്നാ​ന​ത്ത് ചാ​വ​റ​യ​ച്ച​ൻ ഉ​ണ്ടാ​ക്കി​ച്ച​താ​യി​രു​ന്നു പ്ര​സ്തു​ത മ​ര​പ്ര​സ്. കേ​ര​ള ക​ത്തോ​ലി​ക്ക​ർ​ക്ക് അ​തു​വ​രെ മ​ല​യാ​ള​ത്തി​ൽ അ​ച്ച​ടി​ച്ച പു​സ്ത​ക​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല. ഈ ​കു​റ​വാ​ണ് മാ​ന്നാ​നം പ്ര​സി​ന്‍റെ സ്ഥാ​പ​ന​ത്തോ​ടെ ചാ​വ​റ​യ​ച്ച​ൻ പ​രി​ഹ​രി​ച്ച​ത്.

ചാ​വ​റ​യ​ച്ച​ന്‍റെ​ത​ന്നെ ച​രി​ത്ര​വി​വ​ര​ണ​ത്തെ ത​മ​സ്ക​രി​ച്ചു​കൊ​ണ്ട് ചാ​വ​റ​യ​ച്ച​ൻ ത​ന്‍റെ തി​രു​വ​ന​ന്ത​പു​രം യാ​ത്ര​യി​ൽ കൂ​ടെ കൊ​ണ്ടു​പോ​യ ആ​ർ​ട്ടി​സ്റ്റാ​യ മു​ട്ടു​ചി​റ സ്വ​ദേ​ശി​യാ​യ പൗ​ലോ​സ് പ​റ​ന്പി​ൽ അ​ച്ച​നെ, മാ​ന്നാ​നം കൊ​വേ​ന്ത​യി​ൽ സ്ഥാ​പി​ക്ക​പ്പെ​ട്ട പ്ര​സ്തു​ത മു​ദ്രാ​ല​യ​ത്തി​ന്‍റെ സ്ഥാ​പ​ക​നാ​യി ചി​ത്രീ​ക​രി​ക്കാ​നു​ള്ള ഒ​രു ശ്ര​മ​വും ഈ ​ലേ​ഖ​ക​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ടു​ക​യു​ണ്ടാ​യി. ചാ​വ​റ​യ​ച്ച​ന്‍റെ നാ​ളാ​ഗ​മ​ത്തി​ലും അ​തേ കാ​ല​ഘ​ട്ട​ത്തി​ൽ ജീ​വി​ച്ചി​രു​ന്ന പാ​റ​പ്പു​റ​ത്ത് വ​ർ​ക്കി​യ​ച്ച​ന്‍റെ നാ​ളാ​ഗ​മ​ത്തി​ലും അ​തു​പോ​ലെ സി​എം​ഐ സ​ഭ​യു​ടെ ആ​ദ്യ​കാ​ല ച​രി​ത്ര​കാ​ര​നാ​യ ബെ​ർ​ണാ​ർ​ഡ് തോ​മ​യു​ടെ വി​വ​ര​ണ​ത്തി​ലും വ്യ​ക്ത​മാ​യും വി​ശ​ദ​മാ​യും പ്ര​തി​പാ​ദി​ച്ചി​ട്ടു​ള്ള ഒ​ന്നാ​ണ് ചാ​വ​റ​യ​ച്ച​നാ​ണ് പ്ര​സ്തു​ത പ്ര​സി​ന്‍റെ സ്ഥാ​പ​ക​നെ​ന്ന കാ​ര്യം.

(ലേ​ഖ​ക​ൻ സി​എം​ഐ സ​ഭ മു​ൻ പോ​സ്റ്റു​ലേ​റ്റ​ർ ജ​ന​റ​ലാ​ണ്)

Latest News

Corehub Up